2-November-2023 -
By.
കൊച്ചി: കേരളത്തിലെ മുഴുവന്‍ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ജനുവരി ഒന്നു മുതല്‍ ഏകീകൃത സോഫ്റ്റ് വെയര്‍ നിലവില്‍ വരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഉദ്ഘാടനം ജനുവരി ഒന്നിന് കൊച്ചിയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്രെഡായ് കേരള സ്‌റ്റേറ്റ്‌കോണ്‍ ഏഴാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കെ സ്മാര്‍ട്ട് നിലവില്‍ വരുന്നതോടെ സ്മാര്‍ട്ട് ഫോണ്‍ മാത്രം ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍ പോകാതെ തന്നെ എല്ലാ കാര്യങ്ങളും നടത്താനാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ഇത് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കും. മൂന്ന് സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ ഈ സോഫ്റ്റ് വെയറിനായി കേരളത്തെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെസ്മാര്‍ട്ട് നിലവില്‍ വരുന്നതോടെ ചട്ടപ്രകാരമുള്ള അപേക്ഷയാണെങ്കില്‍ 30 സെക്കന്‍ഡിനുള്ളില്‍ ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കും.
ചാറ്റ് ജിപിടി, നിര്‍മിത ബുദ്ധി തുടങ്ങി എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് സോഫ്റ്റ് വെയര്‍ തയാറാക്കിയിരിക്കുന്നത്. എന്‍ ഒ സി കള്‍ ലഭിക്കാനുള്ള കാലതാമസവും ഒഴിവാകും. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്ക് ഇതോടെ സുതാര്യതയും കാര്യക്ഷമതയും വേഗവും കൈവരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരളം അതിവേഗം നഗരവത്കരിക്കപ്പെടുകയാണെന്നും ഈ വെല്ലുവിളി നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി രാജേഷ് പറഞ്ഞു.നഗരവികസനത്തിന് പുതിയ രീതി ഉണ്ടാക്കണമെന്നും സര്‍ക്കാര്‍ കൊണ്ട് വരുന്ന മാറ്റങ്ങള്‍ പ്രായോഗികമായി നടപ്പാക്കണമെന്നും വിശിഷ്ടാതിഥിയായിരുന്ന കൊച്ചി മേയര്‍ എം.അനില്‍കുമാര്‍ നിര്‍ദേശിച്ചു. അടുത്ത 10 വര്‍ഷത്തിനുളളില്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് വലിയ കുതിച്ച് ചാട്ടം ഉണ്ടാകുമെന്ന് ക്രെഡായ് ദേശീയ പ്രസിഡന്റ് ബൊമന്‍ ഇറാനി ചൂണ്ടിക്കാട്ടി.
സുസ്ഥിര വികസനം സാധ്യമാക്കാന്‍ ഹരിത നിര്‍മിതികള്‍ ഉറപ്പാക്കണം. അതിവേഗ മാറ്റത്തിന് അനുസൃതമായി കൂടുതല്‍ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.സമ്മേളനത്തിന്റെ നോളഡ്ജ് പാര്‍ട്ണര്‍ കുഷ്മാന്‍ & വേക്ക്ഫീല്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട് മന്ത്രി പുറത്തിറക്കി. ക്രെഡായ് കേരള ചെയര്‍മാന്‍ രവി ജേക്കബ്, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ഡോ. നജീബ് സക്കറിയ, ക്രെഡായ് കേരള സെക്രട്ടറി ജനറല്‍ അഡ്വ.ചെറിയാന്‍ ജോണ്‍, കുഷ്മന്‍ ആന്‍ഡ് വേക്ക് ഫീല്‍ഡ് മാനേജിംഗ് ഡയറക്ടര്‍ വി.എസ് ശ്രീധര്‍ തുടങ്ങിയവര്‍ സംസാരിച്ചു.കേരളത്തെ ടയര്‍ 3 ഡെസ്റ്റിനേഷനാക്കി മാറ്റുന്നത് സംബന്ധിച്ച പാനല്‍ ചര്‍ച്ചയില്‍ ക്രെഡായ് നാഷണല്‍ പ്രസിഡന്റ് ബൊമന്‍ ഇറാനി, സെക്രട്ടറി രാം റെഡ്ഢി, സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് മാനേജിംഗ് ഡയറക്ടര്‍ ഖുര്‍ഷദ് ഗാന്ധി, ക്രെഡായ് തെലങ്കാന പ്രസിഡന്റ് രാമകൃഷ്ണറാവു, ക്രെഡായ് കേരള കണ്‍വീനര്‍ എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.സി ഐ ഐ , ബി എ ഐ , കെ എം എ , ഐ എ എ , ഐ പി എ തുടങ്ങിയ സംഘടനകളില്‍ നിന്നുള്ള 100 പ്രതിനിധികള്‍ക്ക് പുറമെ, സംസ്ഥാനത്തെ അഞ്ച് ചാപ്റ്ററുകളായ കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള 300ലധികം റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍മാരും ദ്വിദിനസമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.